ട്രാവല്‍ ഏജന്‍സികളിലും ബസുകളിലും റെയ്ഡ്; ബുക്കിംഗ് ഓഫീസുകളില്‍ പലതിനും ലൈസന്‍സില്ല; പെര്‍മിറ്റില്ലാത്ത 23 ടൂറിസ്റ്റ് ബസുകള്‍ പിടിച്ചു  

67 0

തിരുവനന്തപുരം:  സംസ്ഥാനത്ത് ട്രാവല്‍ ഏജന്‍സികളിലും ബസുകളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ റെയ്ഡ്. തിരുവനന്തപുരത്ത് വിവിധ ടിക്കറ്റ് ബുക്കിങ് ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ലൈസന്‍സ് ഇല്ലാതെയാണ് പലതും പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഇതില്‍ ഒന്ന് കല്ലട ട്രാവല്‍സിന്റെ ഓഫീസാണ്. തമ്പാനൂര്‍ റെയില്‍വേസ്റ്റേഷന് സമീപമുളള ടിക്കറ്റ് ബുക്കിങ് ഓഫീസുകളില്‍ പലതും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായാണ് വിവരം.

ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിലവിലെ വ്യവസ്ഥ അനുസരിച്ച് മോട്ടോര്‍വാഹനവകുപ്പിന് പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ ലൈസന്‍സ് എടുക്കുന്നതിന് നോട്ടീസ് നല്‍കുന്ന നടപടിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. നിശ്ചിത സമയത്തിനുളളില്‍ ലൈസന്‍സ് എടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ടിക്കറ്റ് ബുക്കിങ് ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല എന്നാണ് മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.  ഇത്തരം ഓഫീസുകളില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്നാണ് വ്യവസ്ഥ. തിരുവനന്തപുരത്ത് ചുരുക്കം ചിലത് ഒഴിച്ച് മറ്റൊന്നിലും ഇത്തരം സൗകര്യങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ നടത്തിയ പരിശോധനയില്‍ 23 ടൂറിസ്റ്റ് ബസുകള്‍ പെര്‍മിറ്റ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തി. ഇവയ്ക്ക് 5000 രൂപ വീതം പിഴ ഈടാക്കി. ഇതില്‍ ആറെണ്ണം കല്ലടയുടെ ബസാണ്. നിലവില്‍ പല ബസുകള്‍ക്കും കോണ്‍ട്രാക്റ്റ് ക്യാരേജ് പെര്‍മിറ്റ് മാത്രമാണ് ഉളളത്. ഒരു സ്ഥലത്ത് നിന്ന് നിശ്ചിത എണ്ണം ആളുകളെ മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകാന്‍ മാത്രമേ് ഇതുവഴി സാധിക്കൂ. എന്നാല്‍ ഇവര്‍ കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ പോലെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനധികൃതമായി സാധനങ്ങള്‍ കടത്തിയതിന് നാല് ബസുകള്‍ക്കും പിഴ ഈടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.

Related Post

Leave a comment