ബിനോയിയെ തള്ളി കോടിയേരി; കുടുംബാംഗങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്തം താനോ പാര്‍ട്ടിയോ ഏറ്റെടുക്കില്ലെന്ന്  

127 0

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ മകനെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകനെ സംരക്ഷിക്കില്ല. കുടുംബാംഗങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്കോ പാര്‍ട്ടിക്കോ ആവില്ല. മകനെതിരായ ആരോപണത്തില്‍ നിജസ്ഥിതി നിയമപരമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. തെറ്റുകാരെ സംരക്ഷിക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നില്‍ക്കുമെന്ന് പറഞ്ഞിട്ടില്ല. മാറിനില്‍ക്കണമെന്ന് പറയുന്നവര്‍ക്ക് മറ്റുചില അജണ്ടയുണ്ടെന്നും എകെജി സെന്ററില്‍ മാധ്യമങ്ങളെ കണ്ട കോടിയേരി പറഞ്ഞു. ബിനോയിക്കെതിരായ പീഡനക്കേസ് വാര്‍ത്ത പുറത്തു വന്ന ശേഷം ഇതാദ്യമായാണ് കോടിയേരി ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.

തന്നെ കണ്ട് സംസാരിച്ചുവെന്ന പരാതിക്കാരിയായ യുവതിയുടെ മൊഴി കോടിയേരി തള്ളി.  ഇക്കാര്യത്തില്‍ ആരും തന്നെ വന്നു കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ ഭാര്യ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടുകയും താനുമായി സംസാരിക്കുകയും ചെയ്തുവെന്ന യുവതിയുടെ മൊഴി മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുംബൈ കോടതി പരിഗണിക്കുന്ന കേസിലുള്ള മൊഴിയാണ് എന്നതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

ഈ പ്രശ്നം വന്നശേഷം മകന്‍ കാണാന്‍ വന്നിരുന്നു. എന്നാല്‍ വിവാദമായ ശേഷം കണ്ടിട്ടില്ല. അവന്‍ വേറെ കുടുംബമായി താമസിക്കുന്ന ആളാണ്. അവന്റെ പുറകെ നടക്കുന്നയാളല്ല താന്‍. അങ്ങനെയായിരുന്നെങ്കില്‍ ഈ പ്രശ്നമുണ്ടാകുമായിരുന്നോ? മക്കള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഏതു രക്ഷിതാവിനാണ് കഴിയുക. അവനവന്‍ ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദിത്തം അവനവന്‍ ഏറ്റെടുക്കണം. അത് പാര്‍ട്ടി അംഗങ്ങള്‍ക്കായാലും കുടുംബാംഗങ്ങള്‍ക്കായാലും ബാധകമാണ്. സംരക്ഷണം കിട്ടുമെന്ന് കരുതി തെറ്റു ചെയ്യാന്‍ മുതിരരുത്. ഇത് എല്ലാവര്‍ക്കും ഒരു അനുഭവ പാഠമായിരിക്കണം. കോടിയേരിയുടെ കുടുംബത്തിനെതിരെ അടിക്കടി ആരോപണങ്ങള്‍ ഉയരുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ഒളിവില്‍ കഴിയുന്ന മകനെ നിയമത്തിനു മുന്നില്‍ ഹാജരാക്കുമോ എന്ന ചോദ്യത്തിന് താന്‍ മുംബൈ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളല്ല എന്നായിരുന്നു മറുപടി.

ചോദ്യങ്ങള്‍ക്ക് മൂര്‍ച്ചയേറിയതോടെ അതെല്ലാം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും അതില്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നുമായിരുന്നു പലതിനും മറുപടി. പോലീസ് ഓഫീസര്‍മാര്‍ ചോദിക്കുന്നപോലെ മാധ്യമപ്രവര്‍ത്തകര്‍ മാറുകയാണോ എന്നും കോടിയേരി ചോദിച്ചു. രാഷ്ട്രീയമായി ഉയരുന്ന ആരോപണങ്ങളില്‍ മറുപടി പറയാനില്ല. മറുപടി അറിയാഞ്ഞിട്ടല്ല, ഈ ഘട്ടത്തില്‍ വേണ്ടന്നു വയ്ക്കുന്നതാണ്. കുറച്ചുനാളായി താന്‍ ആയുര്‍വേദ ചികിത്സയിലായിരുന്നുവെന്നും സി.പി.എം യോഗങ്ങളില്‍ പങ്കെടുക്കേണ്ടതിനാലാണ് ഇന്ന് വന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ആന്തൂരില്‍ നഗരസഭയില്‍ നിന്നുള്ള നിസ്സഹകരണം കാരണം പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമളയെ പിന്തുണയ്ക്കുന്ന നിലപാടാണ് കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്. ആന്തൂരിലെ പ്രവാസി സംരംഭകന്‍ സാജന്റെ ആത്മഹത്യയ്ക്ക് കാരണമായത് ഉദ്യോഗസ്ഥരുടെ കൃത്യവിലോപമാണെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.  മാധ്യമ പ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാതെ കോടിയേരി പെട്ടെന്ന് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

Related Post

പ്രളയസെസ് നാളെമുതല്‍; 928 ഉത്പന്നങ്ങള്‍ക്ക് വില കൂടും  

Posted by - Jul 31, 2019, 07:37 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് നാളെമുതല്‍ പ്രാബല്യത്തില്‍. 12%,18% 28% ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉത്പന്നങ്ങള്‍ക്കാണ് സെസ്. പ്രളയാനന്തര പുനര്‍…

സർക്കാരിനെ ഉപദേശിക്കാൻ തനിക്ക് അധികാരമുണ്ട് : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Jan 26, 2020, 10:42 am IST 0
തിരുവനന്തപുരം: സര്‍ക്കാരിനെ ഉപദേശിക്കാനും നിർദ്ദേശങ്ങൾ  നല്‍കാനുമുള്ള അധികാരം നിയമപരമായി തനിക്കുണ്ടെന്നും സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണെന്ന വിമർശനം തെറ്റാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ നിയമിച്ചതു രാഷ്ട്രപതിയാണെന്നും പ്രതിപക്ഷ…

കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണും  

Posted by - Feb 26, 2021, 02:18 pm IST 0
ഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.…

ആത്മാഭിമാനമുണ്ടെങ്കിൽ യുഡിഎഫ് വിടണമെന്ന് ജോസഫിനോട് കോടിയേരി

Posted by - Sep 8, 2019, 07:13 pm IST 0
തിരുവനന്തപുരം: പി ജെ ജോസഫ് ഇപ്പോൾ യുഡിഎഫ് തടവറയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു . പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയും,…

ഈരാറ്റുപേട്ടയില്‍ പിസി ജോര്‍ജിന്റെ കോലം കത്തിച്ച് കെഎസ് യു പ്രതിഷേധം  

Posted by - Mar 1, 2021, 11:07 am IST 0
കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ കോലം കത്തിച്ച് ഈരാറ്റുപേട്ടയില്‍ കെഎസ്യു പ്രതിഷേധം. ഉമ്മന്‍ചാണ്ടിക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് കെഎസ് യുവിന്റെ നേതൃത്വത്തില്‍ ടൗണില്‍…

Leave a comment