കോട്ടയം : കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പി.ജെ.ജോസഫ്. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ മാണി വിഭാഗത്തിനാണ് മേല്‍ക്കൈ. ഇതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാമെന്നാണ് ജോസ് കെ മാണിയുടെയും കൂട്ടരുടെയും ലക്ഷ്യം. എന്നാല്‍ സീനിയര്‍ നേതാവായ തനിക്ക് ചെയര്‍മാന്‍ പദവി വേണമെന്നാണ് ജോസഫിന്റെ നിലപാട്. ജോസഫ് പാര്‍ട്ടി ചെയര്‍മാന്‍, ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന ഫോര്‍മുലയും അണിയറയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ജോസഫിനും ഇതു സമ്മതമാണെന്നാണ് സൂചനകള്‍.
കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കില്ലെന്ന് ഇടക്കാല ചെയര്‍മാന്‍ പി ജെ ജോസഫ് വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കേണ്ട സാഹചര്യമില്ല. കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ അതിനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണെന്നും പി ജെ ജോസഫ് പറഞ്ഞു.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മരിച്ചാല്‍ ഡെപ്യൂട്ടി ലീഡറാണ് നേതാവാകേണ്ടത്. അതനുസരിച്ച് സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാകുമെന്നും ജോസഫ് പറഞ്ഞു. ജോസ് കെ മാണിക്ക് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനാകാമെന്നും ജോസഫ് സൂചിപ്പിച്ചു. പാര്‍ട്ടിയില്‍ ഒരു സ്ഥാനം മാത്രമേ താന്‍ വഹിക്കൂ എന്ന് പി ജെ ജോസഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.