സിനിമപ്രമോഷന് ലൈവ് വീഡിയോ: ആശാ ശരതിനെതിരെ പരാതി  

158 0

ഇടുക്കി: പുതിയ സിനിമയുടെ പ്രമോഷന്റെ പേരില്‍ നടത്തിയ ലൈവ് വീഡിയോയുടെ പേരില്‍ സിനിമാ താരം ആശാ ശരതിനെതിരെ പരാതി. സിനിമ പ്രമോഷന്‍ എന്നപേരില്‍ വ്യാജപ്രചാരണം നടത്തിയെന്നാണ് താരത്തിനെതിരെയുള്ള പരാതി. വയനാട് സ്വദേശിയും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജപ്രചാരണം നടത്തിയതിനാണ്  പരാതി. ഇടുക്കി ജില്ല പൊലീസ് മേധാവിക്കാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്.

ആശാ ശരത്ത് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ സിനിമയായ 'എവിടെ'യുടെ പ്രമോഷന്റെ ഭാഗമായാണ് താരം ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തത്. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നുമുള്ള അപേക്ഷയായിരുന്നു വീഡിയോയുടെ ഉള്ളടക്കം. കുറച്ചു ദിവസമായി ഭര്‍ത്താവിനെ കാണുന്നില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണം എന്ന അഭ്യര്‍ഥനയുമായാണ് ആശാ ശരത്ത് രംഗത്ത് എത്തിയത്. 'എവിടെ' പ്രമോഷന്‍ വീഡിയോ എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കെ കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മനോജ് കെ ജയനാണ് ചിത്രത്തിലെ നായകനായി എത്തുന്നത്.

പരാതിയുടെ പൂര്‍ണ്ണരൂപം  

ബഹു. ഇടുക്കി ജില്ല പോലീസ് മേധാവി മുന്‍പാകെ സമപര്‍പ്പിക്കുന്ന പരാതി

വിഷയം : പോലീസിന്റെ ഔദ്യോദിക കൃത്യ നിര്‍വഹണത്തെ വഴിതെറ്റിക്കുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയത് സംബന്ധിച്ചത്

സര്‍,

ആശ ശരത്ത് എന്ന് പേരായ അഭിനേത്രി ഒരു സ്ത്രീ ഇന്നലെ 03-07-2019 നു അവരുടെ വേരിഫൈഡ് ഫെയിസ്ബുക്ക് പേജിലൂടെ ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു. തലക്കെട്ടുകളോ, മറ്റ് വിവരങ്ങളോ ഇല്ലാതെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും, തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് കണ്ടെത്താന്‍ ജനങ്ങള്‍ സഹായിക്കണമെന്നും, ഭര്‍ത്താവിനെ കണ്ടുകിട്ടുന്നവര്‍ 'കട്ടപ്പന' (ഇടുക്കി) പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നുമായിരുന്നു ഇടറുന്ന ശബ്ദത്തോടെ പറഞ്ഞത്.

തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസ്തുത വാര്‍ത്തയും വീഡിയോയും വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലും പ്രചരിക്കുകയുണ്ടായി. പ്രസ്തുത വീഡിയോക്ക് കീഴില്‍ നിരവധിയായ കമന്റുകളും പിന്തുണയും ലഭിച്ചു. എന്നാല്‍ അല്‍പ സമയത്തിന് ശേഷം വീഡിയോ ഒരു പരസ്യമാണെന്നും, അവര്‍ അഭിനയിച്ച സിനിമയുടെ പ്രചാരണത്തിന് വേണ്ടി നിര്‍മ്മിച്ചതാണെന്നും ചൂണ്ടിക്കാണിച്ച് പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ട് എഡിറ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ പോസ്റ്റ് ചെയ്ത് 17 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഈ വ്യാജ വാര്‍ത്ത മെസേജിങ് ആപ്പിക്കേഷനുകളിലും, സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുകയാണ്.

തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് പരസ്യമായി രംഗത്ത് വരികയും സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷന്റെ പേര് എടുത്ത് പറഞ്ഞ ശേഷം പ്രസ്തുത പോലീസ് സസ്റ്റേഷനിലേക്ക് വിവരങ്ങള്‍ അറിയിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടതും ഗുരുതരമായ കുറ്റമാണ്. കട്ടപ്പന പോലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പറും, സ്ത്രീയുടെ ഭര്‍ത്താവിന്റെ ചിത്രവും വെച്ചുകൊണ്ട് നിരവധി അഭ്യര്‍ത്ഥനകള്‍ ലുക്ക് ഔട്ട് നോട്ടീസ് എന്നതുപോലെ പ്രചരിക്കുന്നുണ്ട്.

സിനിമയുടെ ആവശ്യത്തിനായോ, പരസ്യങ്ങളുടെ ആവശ്യത്തിനായോ പോലീസ് വകുപ്പ് പോലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന ഏറ്റവും സെന്‍സിറ്റീവായ വകുപ്പിനെയും, അതിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുന്‍കൂര്‍ അനുമതി ഇല്ലാതെ വ്യാജമായി ഉപയോഗപ്പെടുത്തുന്നതും, പോലീസിനെ misguide ചെയ്യുന്ന രീതിയില്‍ വ്യാജ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതും ഇന്ത്യന്‍ പീനല്‍കോഡിലെ 107, 117, 182 തുടങ്ങിയ വിവിധ വകുപ്പുകളും, ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലെ വകുപ്പുകളും, കേരള പോലീസ് ആക്റ്റിലെ വകുപ്പുകളും പ്രകാരം കുറ്റകരമാണ്.

ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ന്യായമായ നിയന്ത്രങ്ങള്‍ക്ക് വിധേയമാണെന്നും, സ്റ്റേറ്റിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, പബ്ലിക്ക് ഓര്‍ഡറിനും എതിരാകുന്ന പക്ഷം അത്തരം ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിയന്ത്രിതവും, കുറ്റകരവുമാകുമെന്നും ബഹു സുപ്രീംകോടതി വിവിധ കേസുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സെലിബ്രേറ്റികൂടിയായ ആശ ശരത്ത് എന്ന സ്ത്രീ സിനിമയുടെ പരസ്യത്തിനായി അനുമതിയില്ലാതെ നടത്തിയ വ്യാജ പ്രചാരണവും, പോലീസിന്റെ കൃത്യ നിര്‍വഹണത്തെ വഴിതെറ്റിച്ചതും അങ്ങേയറ്റം സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നതിനാലും, സമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും, പൊലീസിലുള്ള ഉത്തമ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനും, കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനമാകും എന്നതിനാലും പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് ഈ പരാതി നല്‍കുന്നത്. ആയതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വ്യാജ പ്രചാരണം നടത്തിയ വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികളും, കട്ടപ്പന പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കണം എന്ന വ്യാജ പ്രചാരണമുള്ള വീഡിയോ ആശ ശരത്തിന്റ ഫെയിസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

വിശ്വസ്ഥതയോടെ
അഡ്വ ശ്രീജിത്ത് പെരുമന

Enclosures :-

1. പരാതിക്ക് കാരണമായ വീഡിയോയുടെ പകര്‍പ്പ്

2. എതിര്‍കക്ഷിയുടെ ഫെയിസ്ബുക്ക് പേജിന്റെ ലിങ്ക്

3. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ പോസ്റ്ററുകള്‍.

Related Post

യൂണിവേഴ്‌സിറ്റി കോളജില്‍ മാറ്റങ്ങള്‍ വരുന്നു;  മൂന്ന് അനധ്യാപകരെ സ്ഥലംമാറ്റി; അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന കമ്മിറ്റികള്‍  

Posted by - Jul 16, 2019, 07:29 pm IST 0
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷങ്ങളും പരീക്ഷാ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ അടിമുടി മാറ്റങ്ങളുമായി കോളജ് വിദ്യാഭ്യാസ ഡയറക്റ്ററേറ്റ്.  ഇടയ്ക്കുവച്ച് പഠനം പൂര്‍ത്തിയാക്കാതെ പോകുന്നവര്‍ക്ക് കോളെജില്‍…

മരട് ഫ്ലാറ്റ് പൊളിച്ചാലുള്ള ആഘാത പഠനം,​ ഹർജി  സുപ്രീം കോടതി തള്ളി 

Posted by - Sep 18, 2019, 01:57 pm IST 0
ന്യൂഡൽഹി: മരട് ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഫ്ലാറ്റുകൾ പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നത്തെ കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് മരട് സ്വദേശിയായ…

മഹാകവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു  

Posted by - Feb 25, 2021, 08:57 am IST 0
തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടില്‍ വച്ച് ഇന്ന് ഉച്ചയോടെയാണ് മരണം. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. കേന്ദ്ര…

 ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിച്ചു 

Posted by - Sep 7, 2019, 09:02 pm IST 0
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്  'കൈതച്ചക്ക' ചിഹ്നം അനുവദിച്ചു . തെരഞ്ഞെടുപ്പ് കമ്മീഷനാണ് ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിച്ചത്. പി ജെ…

ആഴക്കടല്‍ മത്സ്യബന്ധനം: വിവാദ ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം: ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം  

Posted by - Feb 21, 2021, 01:57 pm IST 0
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായുള്ള വിവാദ ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.അതോടൊപ്പം കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം…

Leave a comment