ന്യൂഡൽഹി: റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് സമീപം ഉണ്ടായ ശക്തമായ സ്ഫോടനം തലസ്ഥാനത്തെ നടുങ്ങിച്ചു. തിങ്കളാഴ്ച വൈകുന്നേരം നടന്ന ഈ സ്ഫോടനത്തിൽ കുറഞ്ഞത് 10 പേർ മരിച്ചു, പതിമൂന്നോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ രാജ്യമൊട്ടാകെ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി.
പ്രധാനമായും ഉത്തർപ്രദേശ്, മുംബൈ, കൂടാതെ നാഗ്പൂരിലെ RSS കേന്ദ്ര ഓഫീസിലും സുരക്ഷ കർശനമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
സ്ഫോടനത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ടെലിഫോൺ മുഖേന സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോള്ച, ഇന്റലിജൻസ് ബ്യൂറോ മേധാവി തപൻ ഡേക്ക, NIA ഡയറക്ടർ ജനറൽ സദാനന്ദ് വസന്ത് ഡേറ്റ് എന്നിവരുമായി പ്രത്യേകം സംസാരിച്ചു.
അമിത് ഷാ NIA ടീമിനെ ഉടൻ സ്ഥലത്തെത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പരിക്കേറ്റവരെ LNJP ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട. ഡൽഹി, മുംബൈ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവം നടന്ന റെഡ് ഫോർട്ട് പ്രദേശം, തിരക്ക് കൂടിയ പഴയ ഡൽഹിയുടെ മധ്യഭാഗമായതിനാൽ രക്ഷാപ്രവർത്തനം വലിയ വെല്ലുവിളിയായി തുടരുന്നു. നിരവധി ഫയർ എൻജിനുകളും രക്ഷാ സംഘങ്ങളും സ്ഥലത്ത് പ്രവർത്തിക്കുന്നു.
സോഷ്യൽ മീഡിയയും ചില റിപ്പോർട്ടുകളും തീവ്രവാദ ബന്ധം സൂചിപ്പിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അതോടൊപ്പം, റെഡ് ഫോർട്ട് സ്ഫോടനവും ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മുമ്പാണ് ഉണ്ടായിരിക്കുന്നത്.