തൃശൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലഭിക്കുന്ന അവസരമാണിതെന്ന് അവര്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.
കേസ് അന്വേഷിച്ചതില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സോജന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇനി സര്‍വീസില്‍ ഉണ്ടാകരുതെന്നാവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ല. നാളെ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് പത്രിക സമര്‍പ്പിക്കുമെന്നും സമരം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം കോണ്‍ഗ്രസ് ഇതുവരെയും ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ഫോര്‍വേഡ് ബ്ലോക്കിന് സീറ്റ് നല്‍കിയെങ്കിലും പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സീറ്റ് ഏറ്റെടുത്ത കോണ്‍ഗ്രസിന് ഇതുവരെയും ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കാനും സാധ്യതയുണ്ട്. അത്തരത്തിലൊരു സൂചന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.