അമ്മയും മകളും തീകൊളുത്തി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും ബന്ധുക്കളും അറസ്റ്റില്‍  

178 0

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ബന്ധുക്കളും അറസ്റ്റില്‍.
മരിച്ച യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. കഴിഞ്ഞദിവസം മഞ്ചവിളാകം ഓമൈലയിക്കട, വൈഷ്ണവിഭവനില്‍ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവര്‍ ദേഹത്തു തീകൊളുത്തി ജീവനൊടുക്കിയത്. മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യാക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ (50), ചന്ദ്രന്റെ മാതാവ് കൃഷ്ണമ്മ (80), കൃഷ്ണമ്മയുടെ സഹോദരി ശാന്ത (63), ശാന്തയുടെ ഭര്‍ത്താവ് കാശി (67) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇവര്‍ക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഭവനവായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനേത്തുടര്‍ന്ന് കിടപ്പാടം ജപ്തി ചെയ്യാന്‍ കനറാ ബാങ്ക് നടപടി ആരംഭിച്ചതാണ് ഇരുവരുടേയും ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യ നിഗമനം. ബാങ്ക് നടപടിക്കെതിരേ വന്‍പ്രതിഷേധമുയരുകയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ രംഗത്തുവരുകയും ചെയ്തു. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ചന്ദ്രന്റെ ആരോപണത്തില്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെയാണ് കേസിന്റെ ഗതിമാറിയത്. ലേഖയും വൈഷ്ണവിയും തീകൊളുത്തി മരിച്ച മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ഭര്‍ത്താവിനെയും ബന്ധുക്കളെയും കുറ്റപ്പെടുത്തിയുള്ള കുറിപ്പ് കണ്ടെത്തിയത്.

വിദേശത്തായിരുന്ന തനിക്കു ജോലി നഷ്ടപ്പെട്ടതിനാല്‍ വായ്പാതിരിച്ചടവ് മുടങ്ങിയെന്നും ഇന്നലെ പണം അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നുമായിരുന്നു ചന്ദ്രന്റെ മൊഴി. എന്നാല്‍, വിവാഹം കഴിഞ്ഞതു മുതല്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നെന്നു ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വീട്ടില്‍ മന്ത്രവാദമുള്‍പ്പെടെ നടത്തിയിരുന്നു.

മന്ത്രവാദി പറയുന്നതനുസരിച്ചാണു ചന്ദ്രനും വീട്ടുകാരും പ്രവര്‍ത്തിക്കുന്നത്. പണം ചെലവാക്കുന്നതു സംബന്ധിച്ച് പഴിച്ചിരുന്നു. ഗള്‍ഫില്‍നിന്ന് അയച്ച പണം എങ്ങനെ ചെലവാക്കിയെന്നു ചന്ദ്രനറിയാം. ബാങ്കില്‍നിന്നു ജപ്തി നോട്ടീസ് വന്നിട്ടും അനങ്ങിയില്ല. ജപ്തി നോട്ടീസ് മന്ത്രവാദത്തറയില്‍ പൂജിച്ചതായും ലേഖയുടെ കുറിപ്പില്‍ പറയുന്നു. ബാങ്കിനെക്കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ മറ്റു പരാമര്‍ശങ്ങളില്ല.

ചുവരില്‍ എഴുതിയ നിലയിലും കടലാസില്‍ എഴുതി ഒട്ടിച്ച നിലയിലുമായിരുന്നു ആത്മഹത്യാക്കുറിപ്പ്. സംഭവം നടന്നയുടന്‍ പോലീസ് വീട് പൂട്ടി മുദ്രവച്ചിരുന്നു. ഇന്നലെ ഫോറന്‍സിക് വിദഗ്ധര്‍ക്കൊപ്പം നടത്തിയ പരിശോധനയിലാണു ചുവരിലെ കുറിപ്പ് കണ്ടെത്തിയത്. ഉടന്‍ ചന്ദ്രനെയും കൃഷ്ണമ്മയേയും രണ്ടു ബന്ധുക്കളെയും കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിന്‍കര സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു. തുടര്‍ന്നാണ് വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. മൃതദേഹങ്ങള്‍ കാണിക്കാന്‍ ചന്ദ്രനെ അഞ്ചുമിനിട്ട് വീട്ടിലെത്തിച്ചു. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് വന്‍സുരക്ഷ ഒരുക്കിയിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

Related Post

ഇന്ദ്രൻസിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം

Posted by - Sep 7, 2019, 09:29 pm IST 0
സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്സിന്  ലഭിച്ചു . ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ…

രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു  

Posted by - Apr 29, 2019, 07:17 pm IST 0
കോഴിക്കോട്: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത്…

ഹിന്ദു പാർലമെന്റിലെ 54 ഹിന്ദു സംഘടനകൾ സമിതി വിട്ടു

Posted by - Sep 12, 2019, 02:26 pm IST 0
തിരുവനന്തപുരം : ശബരിമല പ്രക്ഷോഭണ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ആരംഭിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ പിളർന്നു . നവോത്ഥാന സമിതി സംവരണ സംരക്ഷണ…

ഭാര്യയുടെ ഫോട്ടോ പ്രചരിപ്പിച്  വര്‍ഗ്ഗീയ  കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ 

Posted by - Jan 16, 2020, 11:42 am IST 0
വളാഞ്ചേരി : സമൂഹ മാധ്യമത്തില്‍ ഭാര്യയുടെ ഫോട്ടോ പ്രചരിപ്പിച്  വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച കാര്‍ത്തല സ്വദേശിയായ ഷഫീഖ് റഹ്മാൻ  പിടിയിൽ.  വാട്‌സ്ആപ്പ് വഴി ഭാര്യയുടെ ഫോട്ടോ…

മഴയുടെ ശക്തി കുറയുന്നു; ഒരിടത്തും റെഡ് അലേര്‍ട്ടില്ല  

Posted by - Aug 15, 2019, 10:14 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്,…

Leave a comment