അഘോരശിവന്‍

236 0

അഘോരശിവന്‍

അഘോരമൂര്‍ത്തിയായ ശിവന്‍. അഘോരന്‍ എന്നതിന് ഘോരനല്ലാത്തവന്‍, അതായത് സൗമ്യന്‍ എന്നും യാതൊരുവനെക്കാള്‍ ഘോരനായി മറ്റൊരുവന്‍ ഇല്ലയോ അവന്‍, അതായത് ഏറ്റവും ഘോരന്‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്. ഭക്തന്മാര്‍ക്ക് സൌമ്യനായും ദുഷ്ടന്മാര്‍ക്ക് അത്യന്തഘോരനായും സങ്കല്പിതനായിരിക്കുന്ന ശിവന് ഇവ രണ്ടും അനുയോജ്യമാകുന്നു.

ശിവന്റെ പഞ്ചമുഖങ്ങള്‍ യഥാക്രമം

ഈശാനം
തത്പുരുഷം
അഘോരം
വാമദേവം
സദ്യോജാതം
എന്നിവയാണ്. നടുവിലത്തേതായ അഘോരരൂപത്തെ ആശ്രയിച്ചാണ് അഘോരശിവന്‍ എന്ന സംജ്ഞ ശിവനു ലഭിച്ചിട്ടുള്ളത്.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ അഘോരശിവന്റേതാണ്. ഖരപ്രകാശമഹര്‍ഷിയാണ് ആദ്യം അവിടെ ഈ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. പിന്നീട് ഒരു ബ്രാഹ്മണന്റെ ശാപംനിമിത്തം ക്ഷേത്രം കാടായിക്കിടന്നുവെന്നും വളരെക്കാലം കഴിഞ്ഞ് വില്വ(ല്ലു)മംഗലം സ്വാമിയാര്‍ (ലീലാശുകന്‍) ആണ് ഈ സ്ഥലം കണ്ടുപിടിച്ച് ദേവനെ പുനഃപ്രതിഷ്ഠിച്ചതെന്നും ഈ കഥ തുടരുന്നു. ഭാദ്രപദമാസത്തിലെ (കന്നി) കൃഷ്ണ ചതുര്‍ദശി അഘോരശിവനെ സംബന്ധിച്ച ഒരു പുണ്യദിനമായതുകൊണ്ട് ആ തിഥിക്ക് അഘോര എന്ന പേര്‍ സിദ്ധിച്ചിട്ടുണ്ട്.

അഘോരമന്ത്രം

അഘോരശിവോപാസനയ്ക്ക് അഘോരമന്ത്രം ഉപയോഗിക്കുന്നു. ഇതിന്റെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവ യഥാക്രമം അഘോരനും ത്രിഷ്ടുപ്പും അഘോരരുദ്രനും ആകുന്നു. 51 അക്ഷരങ്ങളുള്ള അഘോരമന്ത്രത്തിന്റെ സ്വരൂപം:

'ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര
ഘോര ഘോരതരതനുരൂപ
ചട ചട പ്രചട പ്രചട
കഹ കഹ വമ വമ
ബന്ധ ബന്ധ ഖാദയ ഖാദയ ഹും ഫട്'

ഈ മന്ത്രത്തിന്റെ ധ്യാനശ്ളോകവും അതിന്റെ സാരവും താഴെ കൊടുക്കുന്നു.

'കാലാഭ്രാഭഃ കരാഗ്രൈഃ പരുശുഡമരുകൌ
ഖണ്ഗഖേടൌ ച ബാണേ-
ഷ്വാസൌ ശൂലം കപാലം ദധദതിഭയദൌ
ഭീഷണാസ്യസ്ത്രിണേത്രഃ
രക്താകാരാംബരോ∫ഹിപ്രവരഘടിതഗാ-
ത്രോ∫ഹിനാഗഗ്രഹാദീന്‍
ഖാദന്നിഷ്ടാര്‍ഥദായീ ഭവദനഭിമത-
ച്ഛിത്തയേ സ്യാദഘോരഃ'.

(കാര്‍മേഘംപോലെ കറുത്ത നിറത്തോടുകൂടിയവനും കൈകളില്‍ പരശു, ഡമരു, ഖഡ്ഗം, ഖേടം, ബാണം, വില്ല്, ശൂലം, കപാലം എന്നിവ ധരിച്ചവനും അതിഭയങ്കരമായ മുഖത്തോടും മൂന്നു കണ്ണുകളോടും കൂടിയവനും ചുവന്ന വസ്ത്രം സര്‍പ്പാഭരണങ്ങള്‍ എന്നിവയണിഞ്ഞവനും ദുഷ്ടഗ്രഹാദികളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നവനുമായ അഘോരശിവന്‍ നിങ്ങളുടെ അനിഷ്ടങ്ങളെ നശിപ്പിക്കട്ടെ).

ഓം ഹ്രീം എന്ന ബീജാക്ഷരങ്ങള്‍ ചേര്‍ത്തുകൊണ്ട് മന്ത്രം ഉച്ചരിക്കേണ്ടതാണ്. ലക്ഷം ആവൃത്തികൊണ്ട് മന്ത്രസിദ്ധി വരുത്തണം. മോക്ഷം ആഗ്രഹിക്കുന്നവന്‍ അഘോരമൂര്‍ത്തിയെ ധവളവര്‍ണത്തിലും കാവ്യഫലം ആഗ്രഹിക്കുന്നവന്‍ രക്തവര്‍ണത്തിലും ദുഷ്ടഗ്രഹനിവൃത്തി, ആഭിചാരം എന്നിവ ഉദ്ദേശിക്കുന്നവന്‍ കറുത്തവര്‍ണത്തിലും ധ്യാനിക്കുന്നു. അഘോരമന്ത്രംകൊണ്ട് ഹോമം നടത്താറുണ്ട്. ദിവസവും അഘോരമന്ത്രം ഉച്ചരിച്ചുകൊണ്ട് ഭസ്മം ധരിക്കുന്നവനെ ദുഷ്ടഗ്രഹാദികളും രോഗങ്ങളും പീഡിപ്പിക്കുകയില്ല; നിഖിലപ്രേയഃ പ്രാപ്തിയുണ്ടാകും എന്നെല്ലാം വിശ്വസിക്കപ്പെടുന്നു.

(എം.എച്ച്. ശാസ്ത്രികള്‍, വി.എസ്.വി. ഗുരുസ്വാമിശാസ്ത്രികള്‍)
 

Related Post

"പരോക്ഷപ്രിയ ദേവഃ"

Posted by - Apr 2, 2018, 08:48 am IST 0
അയ്യപ്പ തത്ത്വം ഇന്ന് ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവതാ സങ്കൽപമാണ് സ്വാമി അയ്യപ്പന്റെത്. അതുപോലെ തന്നെ വിമർശന വിധേയമായിട്ടുള്ള തുമാണ്,   സ്വാമിഅയ്യപ്പൻ  ഇരിക്കുന്നത് അതും യോഗബന്ധത്തോടും…

കൊട്ടിയൂർ ക്ഷേത്രം

Posted by - Apr 29, 2018, 08:11 am IST 0
ദക്ഷിണഭാരതത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്, ദക്ഷിണകാശി, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്ന ശ്രീ കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, 108 ശിവാലയങ്ങളിൽ…

ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം

Posted by - Apr 1, 2018, 09:33 am IST 0
ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം കസ്‌ത്വം കോഹം കുത ആയാത: കാ മേ ജനനീ കോ മേ താത: ഇതി പരിഭാവയ സര്‍വമസാരം വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം നീ ആരാണ്‌?…

ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം

Posted by - Apr 18, 2018, 07:22 am IST 0
ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം കാസർഗോഡ് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിൽപ്പെട്ട മോലോതും കാവ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ദേവീക്ഷേത്രമാണ് ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം.…

ഇന്ന് നരസിംഹ ജയന്തി 

Posted by - Apr 28, 2018, 07:46 am IST 0
ഭഗവാന്‍ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് നരസിംഹാവതാരം.വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളിലും വിഷ്ണുക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്. കൃതയുഗത്തില്‍ മഹാവിഷ്ണു…

Leave a comment