തൃശ്ശൂര്‍: കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മകന് നിരഞ്ജന് കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രണ്ടുപേര്‍ക്കും ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. കഴിഞ്ഞ സെപ്റ്റംബറില്‍ മന്ത്രിയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. കൊവിഡ് മുക്തനായി മാസങ്ങള്‍ക്ക് പിന്നാലെയാണ് മന്ത്രിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുകന്നത്.
ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തെ തുടര്‍ന്ന് ഉള്ള സംഘര്‍ഷത്തിനിടെ പതിനഞ്ച് വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമാണ് അഭിമന്യു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവം.
നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സ്കൂളിന് തീപിടിച്ച് 20 കുട്ടികള്‍ വെന്തു മരിച്ചു. തലസ്ഥാന നഗരമായ നിയാമിയില്‍ വൈക്കോല്‍ മേഞ്ഞ സ്കൂളിലാണ് തീപ്പിടുത്തം ഉണ്ടായത്. മരണമടഞ്ഞതെല്ലാം കുഞ്ഞു കുട്ടികളായിരുന്നു എന്ന് നൈജര്‍ ഫയര്‍ സര്‍വീസ് പറഞ്ഞു. നഴ്സറി ഉള്‍പ്പെടെ 800 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളാണ് ഇത്. വൈകിട്ട് നാലു മണിയോടെയായിരുന്നു തീപിടുത്തം. സ്കൂള്‍ഗേറ്റില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നും സ്കൂളിന് എമര്‍ജന്‍സി വാതില്‍ ഇല്ലായിരുന്നു എന്നുമാണ് വിവരം. ഇതേ തുടര്‍ന്ന് കുട്ടികള്‍ ക്ലാസ്സ് റൂമില്‍ കുടുങ്ങിപ്പോകുകയായിരുന്നു. പ്രീ സ്കൂള്‍ വിഭാഗത്തില്‍ പെട്ട കുട്ടികളാണ് മരണമടഞ്ഞവരില്‍ കൂടുതലും. 38 ലധികം ക്ലാസ്സ് റൂമുള്ള സ്കൂളിന്റെ 25 മുറികളിലും തീ പിടിച്ചു. നിയാമി വിമാനത്താവളത്തിന്റെ പ്രാന്തപ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട്: കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവായത്. മുഖ്യമന്ത്രി കണ്ണൂരിലെ സ്വവസതിയിലേക്ക് മടങ്ങി. ഒപ്പം നിന്ന എല്ലാവര്ക്കും നന്ദിയറിയിച്ച പിണറായി, മികച്ച രീതിയിലുള്ള പരിചരണമാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയതെന്നും ജനങ്ങളില്‍ നിന്നും വലിയ മാനസികമായ പിന്തുണയാണ് ലഭിച്ചതെന്നും ഫേസ്ബുക്കില്‍ കുറിച്ചു. ഇക്കഴിഞ്ഞ എട്ടിനാണ് കൊവിഡ് ബാധിതനായി മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിക്കൊപ്പം രോഗബാധിതനായ കൊച്ചുമകന് ഇഷാനും രോഗമുക്തനായി. നിരീക്ഷണത്തിലായിരുന്ന ഭാര്യ കമല കഴിഞ്ഞ ദിവസം രോഗ ബാധിത ആയെങ്കിലും മറ്റ് ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ അവരും ഇന്ന് ആശുപത്രി വിട്ടു. നേരത്തെ രോഗബാധിതയായിരുന്ന മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഭര്‍ത്താവ് മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം നെഗറ്റിവായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷകളെല്ലാം നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ തുടരും. ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റാനും തീരുമാനിച്ചിരുന്നു. പത്താംക്ലാസ് പരീക്ഷകള്‍ നിശ്ചയിച്ച ഷെഡ്യൂളില്‍ത്തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് പറയുമ്പോഴുംവിദ്യാര്ത്ഥികള്ക്കിടയില് ആശയക്കുഴപ്പം പ്രകടമാണ്.
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഐസൊലേഷനില്‍ പോയത്. ട്വിറ്ററിലൂടെയാണ് താന്‍ ഐസൊലേഷനില്‍ പ്രവേശിച്ച കാര്യം മുഖ്യമന്ത്രി അറിയിച്ചത്. 'എന്റെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവരില്‍ ചിലരുമായി ഞാന്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മുന്‍കരുതല്‍ എന്ന രീതിയില്‍ ഞാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ' ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ബുധനാഴ്ച രാത്രി മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനം മുഴുവന്‍ 144 പ്രഖ്യാപിക്കും. ഇതിനെ ലോക്ക്ഡൗണ്‍ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളുടെ എണ്ണം അപകടകരമായ രീതിയില്‍ വര്‍ധിക്കുകയാണ്. ഇന്ന് 60,212 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ അവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കൂ. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ മാത്രമെ സംസ്ഥാനത്ത് ഉടനീളം അനുവദിക്കൂ. നാലു പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. മെഡിക്കല്‍ സേവനങ്ങള്‍, ബാങ്കുകള്‍, മാധ്യമങ്ങള്‍, ഇ - കോമേഴ്സ്, ഇന്ധന വിതരണം എന്നിവ മാത്രമേ അനുവദിക്കൂ. അനാവശ്യ യാത്രകള്‍ തടയും. പൊതുഗതാഗതം നിര്‍ത്തിവെക്കില്ല. അവശ്യ യാത്രകള്‍ക്കുവേണ്ടി മാത്രമെ ബസുകളിലും ട്രെയിനുകളിലും ജനങ്ങള്‍ സഞ്ചരിക്കാവൂ.
തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് വിതരണം ചെയ്തവയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്ക് ചെന്നിത്തല കത്തയച്ചത്. 'തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേടുണ്ടായിട്ടുണ്ട്. അതുകൊണ്ട് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദവിവരം പുറത്തുവിടണം. പോസ്റ്റല്‍ വോട്ട് ലഭിച്ചവരുടെയും പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെയും വിവരങ്ങളും പുറത്തുവിടണം', ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ, റിട്ടേണിങ് ഓഫീസര്‍മാരുടെ കൈവശമുള്ള ബാക്കി വന്ന പോസ്റ്റല്‍ വോട്ടുകളുടെയും ബൂത്ത് തലത്തിലുള്ള വിവരങ്ങളും അറിയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. 80 വയസ് കഴിഞ്ഞ വോട്ടര്‍മാരെ ഉദ്ദേശിച്ച് എത്ര പോസ്റ്റല്‍ ബാലറ്റുകളാണ് വിതരണം ചെയ്തത്, അവയില്‍ എത്രയെണ്ണം ബാക്കിയായി, റിട്ടേണിങ് ഓഫീസര്‍മാരുടെ പക്കല്‍ എത്രയെണ്ണം ബാക്കിയുണ്ട് തുടങ്ങിയ വിവരങ്ങളും പുറത്തുവിടണമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
പത്തനംതിട്ട : കേരളത്തില്‍ വേനല്‍മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്. കനത്ത മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പല ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 6 സെ.മീ മുതല്‍ 11 സെ.മീ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 13 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട്, 14 ന് തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, 15 ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട്, 16 ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് , മലപ്പുറം, വയനാട്, ഏപ്രില്‍ 17ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് , മലപ്പുറം, വയനാട് എന്നിങ്ങനെയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂക്കര സ്വദേശി ബിജേഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുള്ളതായും പ്രതികള്‍ക്ക് സഹായം ചെയ്ത് കൊടുത്തതായും പൊലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകനാണ് ബിജേഷ്. മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പൊലീസ് പുറത്തുവിട്ടിരുന്നു. നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് കൊലപാതകത്തിന് തൊട്ടുമുമ്പ് പലതവണ ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ മൊബൈല്‍ സ്ക്രീന്‍ ഷോട്ട് പുറത്തുവന്നു. ഈ മൊബൈലിലെ ചാറ്റ് വഴിയാണ് കൂട്ടുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ഗൂഢാലോചനയുടെ തെളിവ് ലഭിക്കുന്നതും ഷിനോസിന്റെ ഫോണില്‍ നിന്നാണ്. മന്‍സൂറിന്റെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്.